തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 18നും 28നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ആരവം കോസ്റ്റൽ ഗെയിംസ് ഫെബ്രുവരി 10, 11 തീയതികളിൽ നടക്കും. ഫെബ്രുവരി 10ന് രാവിലെ എട്ടുമണിക്ക് അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോൾ ഗ്രൗണ്ടിലും പുല്ലുവിള ലിയോ തകകക സ്‌കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടക്കുക. കബഡി, ഫുട്‌ബോൾ, വടംവലി, വോളിബോൾ എന്നീ നാല് ഇനങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുരുഷ വനിതാ ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 11ന് വൈകുന്നേരം അഞ്ചുമണിക്ക് അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോൾ ഗ്രൗണ്ടിൽ സമാപന സമ്മേളനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നടക്കും. ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സ്പോർട്സ് ഡയറക്ടർ, സബ് കളക്ടർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, അസിസ്റ്റന്റ് കളക്ടർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശീയരായ സന്തോഷ് ട്രോഫി താരങ്ങളും മിസ് ഗോൾഡൻ ഫെയ്‌സ് ഓഫ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ തുടങ്ങിയ വിശിഷ്ട അതിഥികളും പങ്കെടുക്കും.