പാലക്കാട്: പാലക്കാട് തെരുവുനായ ആക്രമണത്തിൽ പേവിഷബാധയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. പാലക്കാട് തൃത്താല പടിഞ്ഞാറങ്ങാടി തെക്കിണത്തേതിൽ അഹമ്മദ് കബീറിന്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മൈമുന മരിച്ചത്. പേവിഷ ബാധ മൂലമാണ് മരണമെന്ന് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല. പേവിഷ ബാധ മൂലമാണ് മരിച്ചതെന്ന് തൃശൂർ മെഡിക്കൽ കോളേജ് ഡോക്ടറാണിപ്പോൾ സ്ഥിരീകരിച്ചത്.

ജനുവരി 15നാണ് മൈമുനയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. വെള്ളമെടുക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. മുഖത്താണ് കടിയേറ്റത്. താടിയെല്ലിനും ചെവിക്കും കടിയേറ്റു. പരിക്കേറ്റ ഇവർ ഉടൻ തന്നെ ചികിത്സ തേടി. തുടർന്ന് പേവിഷ ബാധക്കെതിരായ മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തെരുവുനായയുടെ കടിയേറ്റ മൈമുനയെ ചാലിശ്ശേരി ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കുശേഷം മുറിവുണങ്ങിയെങ്കിലും പിന്നീട് കലശലായ തലകറക്കവും ശർദ്ദിയും അനുഭവപ്പെട്ടു. ഇതിനെ തുടർന്നായിരുന്നു മരണം. മൈമുനയെ ആക്രമിച്ച തെരുവുനായയെ ഇതുവരെ പിടികൂടാനായിട്ടില്ല. അടുത്തിടെയായി പടിഞ്ഞാറങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമായി 12 പേർക്കാണ് തെരവുനായ്ക്കളുടെ കടിയേറ്റത്.

മൈമുനയുടെ മരണം പേവിഷ ബാധയേറ്റാണെന്നാണ് തൃശൂർ മെഡിക്കൽ കോളേജിലെ റിപ്പോർട്ടിലുള്ളതെന്നും മൈമുനയെ തെരുവുനായ് ആക്രമിച്ചതിന്റെ അടുത്തടുത്ത ദിവസങ്ങളിലായി മറ്റുപലർക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്നും വാർഡ് മെമ്പർ മുംതാസ് അബ്ദുറഹ്‌മാൻ പറഞ്ഞു.ആക്രമിച്ച നായയെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അതിനാൽ തന്നെ മൈമുന മരിച്ച സംഭവത്തോടെ നാട്ടുകാർ ഭീതിയിലാണെന്നും അവർ പറഞ്ഞു.