ന്യൂഡൽഹി: പത്തനംതിട്ടയിൽ നിയമ വിദ്യാർത്ഥിനിയെ മർദിച്ച എസ്എഫ്‌ഐ നേതാവ് ജയ്‌സൺ ജോസഫ് സാജന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്നു ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കടമ്മനിട്ടയിലെ ലോ കോളജിൽ ഡിസംബറിലാണു വിദ്യാർത്ഥിനിയെ മർദിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ 3 ദിവസം വൈകിയാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്നു പരാതി ഉയർന്നിരുന്നു. കേസിലെ പ്രധാന പ്രതിയും സിപിഎം പെരുനാട് ഏരിയ കമ്മറ്റിയംഗവുമായ ജയ്‌സന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സംഭവത്തിനുശേഷം സ്ഥിരമായി കോളജിൽ എത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപമുണ്ട്. കേസിൽ 5 പ്രതികളാണുള്ളത്. മർദനത്തിൽ ഇടതു ചെവിക്കു ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനി ഇപ്പോഴും ചികിത്സയിലാണ്.