- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണക്കേസിലെ പ്രതി ലോറി ഡ്രൈവറേയും വ്യാപാരിയേയും വെട്ടിപ്പരിക്കേൽപ്പിച്ചു
ചെറുതോണി: കീരിത്തോട്ടിൽ മോഷണക്കേസിലെ പ്രതി ലോറി ഡ്രൈവറേയും തടി വ്യാപാരിയേയും വെട്ടി പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി മറ്റപ്പിള്ളി ബിജു (52), തടി വ്യാപാരി വലിയ തോവാള സ്വദേശി കൂട്ടനാനിക്കൽ ടോമി (54) എന്നിവർക്കാണ് പരിക്ക്. ബിജുവിന്റെ കൈയ്ക്ക് ഒന്നിലധികം വെട്ടേറ്റു. ടോമിയുടെ രണ്ടു കൈവിരലുകൾ അറ്റുപോയി. ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ഇരുവരേയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വണ്ണപ്പുറം ഭാഗത്തുനിന്ന് ബൈക്കു മോഷ്ടിച്ച കേസിലെ പ്രതിയാണ് ആക്രമണം നടത്തിയത്. ബൈക്ക് മോഷ്ടിച്ചു കടന്ന യുവാവ് വ്യാഴാഴ്ച വൈകീട്ട് ചേലച്ചുവട്ടിൽ എത്തിയതായി പൊലീസിന് അറിവ് ലഭിച്ചു. തുടർന്ന് ഇയാളെ കഞ്ഞിക്കുഴി പൊലീസ് തിരയുന്നതിനിടെയാണ് സംഭവം. ഇരട്ടയാറിൽനിന്ന് തടി കയറ്റി വന്ന ലോറിയിൽ ചേലച്ചുവട് കട്ടിങ്ങിൽെവച്ച് ഇയാൾ കൈ കാണിച്ചു കയറി. യാത്രയിൽ പൊലീസ് തിരയുന്ന പ്രതിയാണന്ന് മനസ്സിലാക്കിയ ജീവനക്കാർ കീരിത്തോട്ടിൽ എത്തിയപ്പോൾ ലോറി നിർത്തി. തുടർന്ന് പൊലീസിൽ വിവരമറിയിക്കാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇരുവരേയും വെട്ടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം ഇയാൾ ടൗണിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തള്ളി സ്റ്റാർട്ടാക്കി രക്ഷപ്പെട്ടു.
കോട്ടയത്തുനിന്ന് ബൈക്കിൽ വണ്ണപ്പുറത്തെത്തിയ പ്രതി ബൈക്ക് ഉപേക്ഷിച്ച് പകരം വണ്ണപ്പുറം ടൗണിൽനിന്ന് മറ്റൊരു ബുള്ളറ്റ് മോഷ്ടിച്ച് അതിൽ കൂട്ടുകാരുമായി ചേലച്ചുവട്ടിലെത്തുകയായിരുന്നു. ജ്യേഷ്ഠന്റെ ബുള്ളറ്റാണെന്നും ചേലച്ചുവട്ടിൽ പള്ളിപ്പെരുന്നാളിന് പോവുകയാണെന്നുമാണ് ഇയാൾ കൂട്ടുകാരോട് പറഞ്ഞത്. പ്രതിയെ തിരഞ്ഞെത്തിയ കാളിയാർ പൊലീസ് പ്രതിയുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കളെ അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോൾ മോഷണത്തിൽ അവർക്ക് പങ്കില്ലെന്ന് മനസ്സിലാക്കി വിട്ടയച്ചു. ഈസമയം പ്രതി രക്ഷപ്പെട്ടിരുന്നു.