മംഗളൂരു: ഉഡുപ്പിയിലെ സ്വർണക്കടയിൽ ജോലിയിലേർപ്പെട്ട മൂന്ന് കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ചേർന്ന് രക്ഷിച്ചു. പരിസരവാസികളുടെ പരാതിയെത്തുടർന്നാണ് സ്വർണക്കടയിൽ പരിശോധന നടത്തിയത്. കുട്ടികളെ അഗതിമന്ദിരത്തിലേക്ക് മാറ്റി. കടയുടമ ഒളിവിലാണ്. സ്വർണക്കടയിൽ ആഭരണങ്ങൾ രാസപദാർഥമുപയോഗിച്ച് മിനുക്കുന്ന ജോലി ചെയ്തു വരികയായിരുന്നു കുട്ടികൾ

ബാലവേലവിരുദ്ധ പ്രോജക്ട് മാനേജർ അമൃത, ലേബർ ഇൻസ്‌പെക്ടർ സഞ്ജയ്, ചൈൽഡ് ഹെല്പ് ലൈൻ സ്റ്റാഫ് ജ്യോതിപ്രകാശ് എന്നിവരുടെ നേതൃത്തിലാണ് റെയ്ഡ് നടത്തിയത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ ജോലിക്ക് നിർത്തുന്നവരെ വാറന്റില്ലാതെ അറസ്റ്റ്ചെയ്യാമെന്നും ആറുമാസംമുതൽ രണ്ടുവർഷം വരെ തടവും 20,000 മുതൽ 50,000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ബാലവേലവിരുദ്ധ പ്രോജക്ട് മാനേജർ അമൃത അറിയിച്ചു. കുട്ടികൾ അപകടകരമായ സാഹചര്യത്തിൽ ജോലിചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1098, 112 എന്നീ ടോൾഫ്രീ നമ്പറുകളിൽ വിളിച്ചുപറയണമെന്നും അവർ അറിയിച്ചു.