കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് രൂക്ഷമായ ഗതാഗത കുരുക്ക്. ശനിയാഴ്‌ച്ച രാവിലെ ചുരം ഒമ്പതാം വളവിന് സമീപം ലോറികൾ കൂട്ടിയിടിക്കുകയായിരുന്നു. ചുരം കയറുകയായിരുന്ന 18 ചക്രമുള്ള ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് മണിക്കൂറിന് ശേഷമാണ് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കാനുള്ള ക്രെയിൻ എത്തിയത്. നിലവിൽ ക്രെയ്ൻ ഉപയോഗിച്ച് വാഹനങ്ങൾ നീക്കിയിട്ടുണ്ട്. വൺവേ പാലിച്ചാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. അവധി ദിനം കൂടിയായതിനാൽ വാഹനങ്ങളുടെ എണ്ണം കൂടുതലാണ്. വൈത്തിരി മുതൽ അടിവാരംവരെ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകും സ്ഥലത്തുണ്ട്.

കഴിഞ്ഞദിവസം രാത്രി ടിപ്പർ ലോറിയുടെ പിന്നിലെ ഡോർ തുറന്ന് മെറ്റൽ റോഡിലേക്ക് വീണ് ചെറിയ ഗതാഗത തടസമുണ്ടായിരുന്നു. അടിവാരം മുതൽ ഒന്നാം വളവ് വരെയുള്ള റോഡിലാണ് മെറ്റൽ വീണത്. അടിവാരം പൊലീസും ഹൈവേ പൊലീസും ചേർന്നാണ് ഒന്നര ഇഞ്ച് മെറ്റൽ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്.