കൊച്ചി: മസാജ് പാർലറിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന സംഘം എക്സൈസ് പിടിയിൽ. എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് പ്രവർത്തിച്ചിരുന്ന ആയുർവേദ മസാജ് പാർലറിലാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. ഗോൾഡ് മെത്ത് എന്ന് അറിയപ്പെടുന്ന എംഡിഎംഎ ആണ് ഇവരിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ് (34) സഹോദരൻ അബൂബക്കർ, സിറാജുദീൻ (34) എന്നിവരാണ് പിടിയിലായി.

രഹസ്യവിരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം പിടിയിലായത് അഷ്റഫാണ്. ഇയാളുടെ പക്കൽ നിന്നും 43 ഗ്രാം എംഡിഎംഎയും എക്സൈസ് പിടികൂടിയിരുന്നു. അഷ്റഫ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചേരാനല്ലൂരിൽ വച്ചാണ് അബൂബക്കറും സിറാജുദ്ദീനും പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 6.4 ഗ്രാം എംഡിഎംഎ എക്സൈസ് പിടികൂടി. സിഗരറ്റ് പാക്കറ്റുകളിലാക്കിയാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.