തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നിൽ പങ്കെടുത്ത ആർ എസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. എൻകെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുള്ള എംപിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമന്റിൽ ഒന്നും ചെയ്തില്ലെന്ന് കെഎൻ ബാലഗോപാൽ കുറ്റപ്പെടുത്തി.

പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു.

അതേസമയം, എൻ.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി മുതിർന്ന സിപിഎം നേതാവും എംപിയുമായ എളമരം കരീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് കരീം കുറ്റപ്പെടുത്തി. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല.

പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു.