- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ കപ്പലിടിച്ചു; വള്ളം രണ്ടായി പിളർന്ന് കടലിലേക്കു മറിഞ്ഞു; അഞ്ചു തൊഴിലാളികൾക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
വിഴിഞ്ഞം: മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ കപ്പലിടിച്ചു അപകടം. വള്ളത്തിലുണ്ടായിരുന്ന അഞ്ചു തൊഴിലാളികൾക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളം രണ്ടായി പിളർന്ന് കടലിലേക്കു മറിയുക ആയിരുന്നു. കപ്പലിടിച്ച് വള്ളത്തിൽനിന്നു കടലിലേക്കു വീണ തൊഴിലാളികൾ വള്ളത്തിൽ പിടിച്ചു കിടക്കുക ആയിരുന്നു. ഒരു മണിക്കൂറോളം ജീവനും കയ്യിൽ പിടിച്ചു നടുക്കടലിൽ കിടന്നവരെ ഈ സമയം അതുവഴി വള്ളത്തിലെത്തിയ വിഴിഞ്ഞം സ്വദേശികളാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ പിന്നീട് വിഴിഞ്ഞം തീരത്തെത്തിച്ചു.
വിഴിഞ്ഞം തീരത്തുനിന്ന് 19 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പൂന്തുറ സ്വദേശികളായ വള്ളം ഉടമ ക്ലീറ്റസ്(45), സെൽവൻ(42), മരിയാദസൻ(42), ജോൺ(43), ആൻഡ്രൂസ്(55) എന്നിവർക്കാണ് പരിക്കേറ്റത്. മുഖത്തും വയറ്റിലും ആഴത്തിൽ പരിക്കേറ്റ ആൻഡ്രൂസിന്റെ നില ഗുരുതരമാണ്. ആൻഡ്രൂസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മറ്റു തൊഴിലാളികൾക്ക് കാലുകൾക്കും കൈകൾക്കും ഒടിവും ചതവുമുണ്ട്. ഇവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മീൻ പിടിത്തം കഴിഞ്ഞ് ശനിയാഴ്ച രാവിലെ കരയിലേക്കു മടങ്ങുമ്പോഴാണ് കപ്പൽച്ചാൽ കഴിഞ്ഞുള്ള ഭാഗത്തുെവച്ച് വള്ളത്തിൽ കപ്പലിടിച്ചത്. അപ്പോൾ തന്നെ വള്ളം രണ്ടായി പിളർന്നു. ഇടിച്ചത് കണ്ടെയ്‌നർ കപ്പലാണെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം. ബുധനാഴ്ച രാത്രി എട്ടോടെ വിഴിഞ്ഞം തീരത്തുനിന്നാണ് ഇവർ ആഴക്കടൽ മീൻപിടിത്തത്തിനു പോയത്. രാവിലെ 11.30-ഓടെയായിരുന്നു അപകടമെന്ന് തൊഴിലാളികൾ പറഞ്ഞു.
വിഴിഞ്ഞം സ്വദേശിയ ഫ്രാൻസിസിന്റെ വള്ളത്തിലെത്തിയ തൊഴിലാളികളായ ജെയിംസ്, ഡേവിഡ്, ജോൺസൺ, ആന്റണി എന്നിവർ ചേർന്നാണ് അഞ്ചുപേരെയും രക്ഷപ്പെടുത്തി വിഴിഞ്ഞം തീരത്തെത്തിച്ചത്. തുടർന്ന് വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്‌സ്‌മെന്റിലും കോസ്റ്റൽ പൊലീസിലും വിവരമറിയിച്ചു. വൈകീട്ട് അഞ്ചോടെ കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരുമെത്തി ഇവരെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ വള്ളത്തിൽ ഇടിച്ച കപ്പൽ കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് കോസ്റ്റ് ഗാർഡിന് അറിയിപ്പു നൽകിയിട്ടുണ്ട്. തൊഴിലാളികൾ പറഞ്ഞ സമയത്ത് കടന്നുപോയ കപ്പലുകൾ ഏതാണെന്നു പരിശോധിക്കുമെന്ന് കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി.ശ്രീകുമാർ അറിയിച്ചു.