തുറവൂർ: പത്ത് ദിവസത്തിനിടെ കർഷകന്റെ വീട്ടിൽ രണ്ടാമതും തെരുവു നായയുടെ ആക്രമണം. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ഞൂറോളം താറാവുകളെ നഷ്ടമായ കർഷകന്റെ വീട്ടിലാണ് വീണ്ടും തെരുവ് നായ എത്തിയത്. ഇത്തവണ 30 വളർത്തു കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. അരൂർ തഴുപ്പ് കളപ്പുരക്കൽ കെ.കെ.പുരുഷോത്തമന്റെ വീട്ടിൽ വളർത്തുന്ന താറാവ്, കോഴി എന്നിവയെയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് നായ്ക്കൾ കോഴിക്കൂട്ടിൽ കയറി ആക്രമണം നടത്തിയത്.

കോഴി,താറാവ് എന്നിവയെ വളർത്തി ഉപജീവനം നടത്തിയിരുന്ന പുരുഷോത്തമൻ ഇതോടെ ദുരിതത്തിലായി. ജനുവരി 30നാണ് പുരുഷോത്തമന്റെ 500 താറാവുകളെ കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. മുട്ടയിട്ടിരുന്ന ഇവ ചത്തത് മൂലം 2.5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. വിവരം വെറ്ററിനറി വിഭാഗത്തിലും പഞ്ചായത്ത് അധികൃതരെയും അറിയിച്ചെങ്കിലും നഷ്ടപരിഹാരം ഒന്നും ലഭിച്ചിട്ടില്ല.

പുരുഷോത്തമന്റെ വീടിന് 200 മീറ്റർ അകലെയുള്ള തഴുപ്പ് ഇടപ്പറമ്പ് ജയരാജിന്റെ 110 താറാവുകളെ ജനുവരി 22ന് നായ്ക്കൾ കടിച്ചുകൊന്നിരുന്നു. ഇദേഹത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല.