പുണെ: പാർട്ടിയുടെ പേരും ചിഹ്നവും എൻ സി പി അജിത് പവാർ വിഭാഗത്തിന് നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ എൻ.സി.പി. സ്ഥാപകനേതാക്കളിൽ ഒരാളായ ശരദ് പവാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുന്നതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർട്ടി സ്ഥാപിച്ചവരിൽനിന്നും പേരും ചിഹ്നവും തട്ടിപ്പറിച്ചു. ഇത് ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പ്രത്യയശാസ്ത്രവും നയപരിപാടിയുമാണ് ജനങ്ങൾക്ക് പ്രധാനം. ചിഹ്നം കുറച്ചുകാലത്തേക്ക് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. കമ്മിഷൻ ചിഹ്നം തട്ടിപ്പറിക്കുകമാത്രമല്ല, അത് മറ്റുള്ളവർക്ക് കൊടുക്കുകയും ചെയ്തു. കമ്മിഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ജൂലായിൽ ശരദ് പവാറിനോട് കലഹിച്ച് പാർട്ടി വിട്ട അജിത് പവാർ ബിജെപിക്കൊപ്പം ചേർന്ന് സർക്കാരിന്റെ ഭാഗമായിരുന്നു. ഇതേത്തുടർന്ന് പാർട്ടി എംഎ‍ൽഎമാരുടെ പിന്തുണയടക്കം കണക്കിലെടുത്ത് അജിത് പവാർ പക്ഷത്തിന് പേരും ചിഹ്നവും നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. യഥാർഥ എൻ.സി.പി. അജിത് പവാർ വിഭാഗമാണെന്ന് വ്യക്തമാക്കിയ കമ്മിഷൻ ഇവർക്ക് ഔദ്യോഗിക ചിഹ്നമായ ക്ലോക്കും അനുവദിച്ചു.

പിന്നാലെ, നാഷണലിസ്റ്റ് കോൺഗ്രസ് ശരദ്ചന്ദ്ര പവാർ എന്ന പേര് ശരദ് പവാർ പക്ഷത്തിന് കമ്മിഷൻ അനുവദിച്ചിരുന്നു. 1999-ലാണ് എൻ.സി.പി. സ്ഥാപിച്ചത്. അനന്തരവൻ കൂടിയായ അജിത് പവാർ ഭൂരിപക്ഷം എംഎ‍ൽഎമാരുമായി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ചേർന്നതോടെയാണ് എൻ.സി.പി. പിളർന്നതും ഔദ്യോഗിക പാർട്ടി ഏതെന്ന ചോദ്യം ഉയർന്നതും.