കൊല്ലം: പൊലീസ് ജീപ്പിനും ഉദ്യോഗസ്ഥർക്കും നേരെ ആക്രമണം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടത്തല സ്വദേശി അജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കോട്ടത്തല ക്ഷേത്രത്തിന് സമീപമാണ് കേസിന് ആസ്പദമായ സംഭവം. പ്രതി ഇവിടെ അടിപിടി ഉണ്ടാക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ എത്തുന്നത്.

ഈ സമയം പരിക്കേറ്റ നിലയിലായിരുന്നു പ്രതിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഇയാൾ ജീപ്പിന്റെ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു. താൻ വാഹനം ഓടിച്ചോളാം എന്നാവശ്യപ്പെട്ട് താക്കോൽ ചോദിച്ചു. ഇതുകൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രതി ജീപ്പിന്റെ വയർലെസ് സെറ്റിന്റെ മൗത്ത് പീസ് വലിച്ച് പൊട്ടിച്ചതായി പൊലീസ് പറയുന്നു.

തുടർന്ന് വാഹനത്തിലെ വിവിധ വസ്തുക്കൾ ഇയാൾ നശിപ്പിച്ചു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ പിടിച്ച് വലിച്ചെന്നും 50,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.