ചാരുംമൂട്: ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന കെട്ടുകാഴ്ച വൈദ്യുത ലൈനിൽ തട്ടി മൂന്നു പേർക്ക് വൈദ്യുതാഘാതവും പൊള്ളലുമേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ കെട്ടുകാഴ്ചയിലെ സ്വർണത്തിൽ പൊതിഞ്ഞ പ്രഭടയുടെ (നെറ്റിപ്പട്ടത്തിന്റെ ഭാഗം) മുക്കാൽ ഭാഗവും കരിഞ്ഞു പോയി. ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച പോകുമ്പോഴാണ് അപകടം ഉണ്ടായത്.

കെട്ടുകാഴ്ചയുടെ മധ്യഭാഗത്തും മുകളിലും നിന്നവർക്കാണ് പൊള്ളലേറ്റത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ കരിമുളയ്ക്കൽ വഴിയുടെതെക്കേതിൽ അമൽചന്ദ്രൻ (22), ധന്യാഭവനം ധനരാജ്(20) എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും നിസ്സാര പൊള്ളലേറ്റ ഇന്ദുഭവനം അനന്തുവിനെ (24) കറ്റാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കരിമുളയ്ക്കൽ കരയുടെ കെട്ടുകാഴ്ച തുരുത്തി ജംക്ഷന് വടക്കുവശത്തെ റോഡിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
കെട്ടുകാഴ്ചകൾ വരുന്നതിന്റെ ഭാഗമായി 11 മണിയോടെ ചുനക്കര ഭാഗത്തെ വൈദ്യുതി ലൈനുകൾ കെഎസ്ഇബി ഓഫ് ചെയ്‌തെങ്കിലും ഒരു ലൈൻ ഓഫ് ചെയ്യാൻ ഉദ്യോഗസ്ഥർ മറന്നെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തെത്തുടർന്ന് കെട്ടുകാഴ്ച എഴുന്നള്ളിക്കൽ മുടങ്ങി. വൈകിട്ട് നാട്ടുകാർ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രാത്രി വൈകിയും പ്രദേശത്തെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.