- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിലും വേർപിരിയാത്ത സ്നേഹം; കൈകോർത്ത് പിടിച്ച് ദയാവധം സ്വീകരിച്ച് നെതർലൻഡ്‌സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും
ആംസ്റ്റർഡാം: ദയാവധം സ്വീകരിച്ച് നെതർലൻഡ്‌സ് മുൻ പ്രധാനമന്ത്രിയും ഭാര്യയും. രോഗത്താൽ അവശരായിരുന്ന ഇരുവരും പരസ്പരം കൈകോർത്ത് മരണത്തെ സ്വീകരിക്കുക ആയിരുന്നു. നെതർലൻഡ്‌സ് മുൻ പ്രധാനമന്ത്രി ഡ്രിസ് ഫൻ അഹ്തും ഭാര്യ യൂജീനിയയുമാണ് ദയാവധം സ്വീകരിച്ചത്. ദയാവധം ആഗ്രഹിച്ചിരുന്ന ഡ്രിസ് ഫൻ രോഗദുരിതത്താൽ ബുദ്ധിമുട്ടിയിരുന്ന ഭാര്യയേയും ഒപ്പം കൂട്ടുകയായിരുന്നു.
രണ്ടുപേരും കൈകോർത്തുപിടിച്ച് ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചു. 93 വയസ്സായിരുന്നു ഇരുവർക്കും. ഫൻ അഹ്ത് സ്ഥാപിച്ച ഫലസ്തീൻ അനുകൂലസംഘടനയായ റൈറ്റ്‌സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്. 2019ലെ മസ്തിഷ്‌കരക്തസ്രാവത്തിൽനിന്ന് അദ്ദേഹം പൂർണമുക്തനായില്ല. യൂജീനിയും തീരെ അവശയായിരുന്നുവെന്നും പരസ്പരം പിരിയാൻ രണ്ടുപേർക്കുമാകില്ലായിരുന്നുവെന്നും റൈറ്റ്‌സ് ഫോറം ഡയറക്ടർ ജെറാർദ് യോങ്ക്മാൻ പറഞ്ഞു.
1977 മുതൽ 82 വരെ നെതർലൻഡ്‌സിന്റെ പ്രധാനമന്ത്രിയായിരുന്നു ഡ്രിസ് ഫൻ അഹ്തും. കത്തോലിക്കനായ ഫൻ അഹ്ത് ക്രിസ്ത്യൻ ഡെമോക്രാറ്റിക് അപ്പീൽ പാർട്ടിനേതാവായിരുന്നു. പിന്നീട് കൂടുതൽ ഇടതുപക്ഷ മനസ്സുപുലർത്തി. ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നത്തിലെ നിലപാടിന്റെ പേരിൽ തെറ്റി 2017-ൽ അദ്ദേഹം പാർട്ടിവിട്ടു.
ദയാവധത്തിന് 2002-ൽ നിയമപരമായി അനുമതിനൽകിയ രാജ്യമാണ് നെതർലൻഡ്‌സ്. അസഹനീയമായ യാതന, രോഗമുക്തിക്ക് ഒട്ടുംസാധ്യതയില്ലാത്ത അവസ്ഥ തുടങ്ങിയ ആറുസാഹചര്യങ്ങളിൽ ദയാമരണമാകാം എന്നാണു നിയമം. ഡോക്ടർമാരുടെ സഹായത്തോടെ ദയാമരണം സാധ്യമാക്കിക്കൊടുക്കുന്ന സന്നദ്ധസംഘങ്ങളും നെതർലൻഡ്‌സിലുണ്ട്.