കൊച്ചി: മദ്യപിക്കാനെത്തിയവരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് എറണാകുളത്തെ ബാറിൽ വെടിവെയ്‌പ്പ്. ബാർ ജീവനക്കാരായ രണ്ടു പേർക്ക് പരുക്കേറ്റു. കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം. മദ്യം നൽകുന്നത് സംബന്ധിച്ച തർക്കത്തിന് പിന്നാലെയായിരുന്നു സംഭവം. അക്രമി സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിസയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.