നെടുങ്കണ്ടം: ഉടുമ്പൻചോലയിൽ അയൽവാസിയായ യുവാവ് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. പാറയ്ക്കൽ ഷീല (31) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ഷീലയുടെ അയൽവാസിയായ ശശിയാണ് അതിക്രമം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം ശശി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ശശി ഷീലയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

ഉടുമ്പൻചോല പൊലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഇടുക്കി മെഡിക്കൽ കോളജിലാണുള്ളത്.