തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആൾമാറാട്ടത്തിൽ പ്രതികളായ സഹോദരങ്ങൾക്ക് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എൽസാ കാതറിൻ ജോർജിന്റേതാണുത്തരവ്. 15 ന് പ്രതികളെ ജയിൽ സൂപ്രണ്ട് ഹാജരാക്കാൻ കോടതി അന്ത്യ ശാസനം നൽകി.

12 ന് ഹാജരാക്കാൻ ഉത്തരവിട്ടെങ്കിലും സൂപ്രണ്ട് സമയം തേടിയതിനാലാണ് 15 ന് ഹാജരാക്കാൻ അന്ത്യശാസനം നൽകിയത്. സഹോദരങ്ങളായ അമൽജിത്ത്, അഖിൽജിത്ത് എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ് പൂജപ്പുര പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പ്രതികളെ കോടതി 23 വരെ റിമാന്റ് ചെയ്തു. അതേ സമയം ചോദ്യം ചെയ്യലിനും തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യമുന്നയിച്ചതിനാൽ തിങ്കളാഴ്ച പ്രതികളെ ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

ചിന്നമ്മ മെമോറിയൽ ഗേൾസ് സ്‌കൂളിൽ നടന്ന സർവകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം നേമം മേലാംകോട് ശ്രീഹരി സദനത്തിൽ അമൽജിത്ത് എന്ന പേരിലാണ് ഒരാൾ ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയത്. ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ഇയാൾ ഡ്രൈവിങ് ലൈസൻസാണ് തിരിച്ചറിയൽ രേഖയായി ഹാജരാക്കിയത്. ഇത് ഇൻവിജിലേറ്റർ പരിശോധിച്ച ശേഷമാണ് ബയോമെട്രിക് പരിശോധനയ്ക്ക് ഉദ്യോഗസ്ഥൻ എത്തിയത്.

പി.എസ്.സി ആദ്യമായി ബയോമെട്രിക് പരിശോധന നടപ്പാക്കിയ പരീക്ഷയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ വിരൽ വെച്ചുള്ള പരിശോധന നടക്കുന്നതിനിടെ ഒരാൾ പുറത്തേക്ക് ഇറങ്ങിയോടി. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

പി.എസ്.സി പരീക്ഷക്കിടെ ഇറങ്ങിയോടിയത് അമൽജിത് എന്ന ഉദ്യോഗാർഥിയുടെ സഹോദരൻ അഖിൽജിത്ത് ആണെന്നാണ് കേസ്. പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തിയത് ഉദ്യോഗാർഥിയുടെ സഹോദരനാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ സഹോദരൻ അഖിൽജിത്താണ് പരീക്ഷയെഴുതാൻ എത്തിയത്. പരീക്ഷ ഹാളിൽ നിന്ന് ഇറങ്ങിയോടിയ അഖിൽജിത്തിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയത് അമൽജിത്തായിരുന്നു.

പി.എസ്.സി പരീക്ഷാ പരിശോധനക്കിടെ ഇറങ്ങിയോടിയ സംഭവത്തിൽ പ്രതിയെ പൊലീസ് തിരയുന്നതിനിടെയാണ് നാടകീയമായി പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.