- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരി വാലടി പഴൂർ കളരിയിൽ തീപിടിത്തം; 400 വർഷത്തോളം പഴക്കമുള്ള കളരിയുടെ മേൽക്കൂര പൂർണമായും കത്തിനശിച്ചു: അപകടത്തിന് കാരണം ഷോർട് സർക്യൂട്ടാകാമെന്ന് പ്രാഥമിക വിലയിരുത്തൽ
കോട്ടയം: ചങ്ങനാശ്ശേരിയിലെ വാലടി പഴൂർ കളരിയിൽ തീപിടിത്തം. ഇന്നലെ വൈകിട്ടുണ്ടായ തീ പിടിത്തത്തിൽ കളരിയുടെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഏകദേശം 400 വർഷത്തോളം പഴക്കമുണ്ടെന്ന് പഴമക്കാർ പറയുന്ന കളരിയുടെ മേൽക്കൂരയിൽ തടിയിൽ തീർത്ത കൊത്തുപണികൾ ഉൾപ്പടെയാണ് കത്തിയമർന്നത്. തിങ്കളാഴ്ച വൈകിട്ട് ആറിനായിരുന്നു കളരിയുടെ ഉള്ളിൽനിന്നു തീയും പുകയും ഉയരുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു.
ചങ്ങനാശേരി അഗ്‌നിരക്ഷാസേനയുടെ രണ്ടു യൂണിറ്റെത്തിയാണ് ഒരു മണിക്കൂറോളം പ്രയത്‌നിച്ച് തീ നിയന്ത്രണവിധേയമാക്കിയത്. ചെറിയ വഴിയും അഗ്‌നിരക്ഷാസേനയ്ക്ക് കടന്നെത്താൻ വെല്ലുവിളിയായിരുന്നു. കൈനടി പൊലീസും നാട്ടുകാരും തീയണയ്ക്കാനുണ്ടായിരുന്നു. ഷോർട് സർക്യൂട്ടാകാം തീപിടിത്തതിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി പെയിന്റിങ് ഉൾപ്പടെയുള്ള ജോലികൾ നടക്കുകയായിരുന്നു.
നിർമ്മാണ ജോലികളുടെ ഭാഗമായി പെയിന്റ് ഉൾപ്പടെയുള്ള സാധനസാമഗ്രികൾ കളരിക്കുള്ളിലുണ്ടാകാമായിരുന്നെന്നും ഇതാകാം തീ ആളിപ്പടരുന്നതിനു കാരണമായതെന്നും അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. ചങ്ങനാശേരി അഗ്‌നിരക്ഷസേന സ്റ്റേഷൻ ഓഫിസർ അനൂപ് രവീന്ദ്രൻ, സീനിയർ ഫയർ റസ്‌ക്യൂ ഓഫിസർ ദിനേശ്കുമാർ, വിനോദ്, മനോജ്കുമാർ, സുബേഷ്, ഉല്ലാസ്, സജി, അഭിലാഷ്, ശേഖർ, അജയകുമാർ, കൈനടി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എ.ജെ. ജോയി എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രിക്കുന്നതിനായി പ്രയത്‌നിച്ചത്.