തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആൾമാറാട്ട കേസിലെ പ്രതികൾ കേരള സർവകലാശാല പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയതായി സൂചന. കേരള സർവകലാശാല പ്രിലിമിനറി പരീക്ഷയിൽ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്താണെന്നാണ് കണ്ടെത്തൽ. പൂജപ്പുരയിൽ പിഎസ്‌സി പരീക്ഷക്കിടെ ആൾമാറാട്ടത്തിനിടെ അഖിൽ ജിത്ത് ഹാളിൽ നിന്നും ഇറങ്ങി ഓടിയിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവർ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയിൽ കീഴടങ്ങിയത്.

കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ ഉദ്യോഗാർഥികളുടെ ബയോ മെട്രിക് പരിശോധന നടക്കുന്നതിനിടെയാണ് ഒരു ഉദ്യോഗാർത്ഥി ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. പുറത്തിറങ്ങിയ ഇയാൾ മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അമൽജിത്താണ് പ്രതിയെ ബൈക്കിൽ രക്ഷപ്പെടുത്തിയതെന്ന് കണ്ടെത്തി.

അമൽ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതിൽചാടിപ്പോയ ആൾ കയറി പോയ ബൈക്ക് അമൽ ജിത്തിന്റെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അമൽജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങൾ നടത്തിയ ആൾമാറാട്ടമെന്ന് തെളിഞ്ഞത്.