കോഴിക്കോട്: കെ എസ് ആർ ടി സി ജീവനക്കാരനെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സ്ഥലം മാറ്റത്തിലെ നിരാശയെന്ന് സൂചന. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെ (38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ എസ് ആർ ടി സി ബസിലെ കണ്ടക്ടറായിരുന്നു അനീഷ്.

ഇന്നലെ ഉച്ചയോടെ അനീഷ് കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തിരുന്നു. അനീഷിനെ കാണാതായതായി ഇന്ന് രാവിലെ കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനീഷിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കാസർകോട്ടേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചതുമായി ബന്ധപ്പെട്ട് അനീഷ് മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് വിശദ അന്വേഷണം തുടങ്ങി.

കഴിഞ്ഞദിവസം കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടറെയും ഭാര്യയെയും ദുരൂഹസാഹചര്യത്തിൽ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പുനലൂർ കെ എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ വിജേഷും ഭാര്യ രാജിയുമാണ് മരിച്ചത്. കടബാദ്ധ്യതമൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.