- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടുവാപ്പേടിയിൽ കണ്ണൂരിലെ മലയോരപ്രദേശങ്ങൾ
ഇരിട്ടി: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ജനങ്ങൾ കടുവപ്പേടിയിൽ. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് ജീവനക്കാർ മയക്കുവെടിവെച്ചു കൂട്ടിലടച്ചതിന്റെ ആശ്വാസത്തിലാണ് കൊട്ടിയൂരിലെ ജനങ്ങൾ. കൊട്ടിയൂർ പന്നിയാം മലയിൽ സ്വകാര്യവ്യക്തിയുടെ കൃഷിതോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനാൽ പിടികൂടിയ കടുവയെ മൃഗശാലയിലേക്ക് മാറ്റുമെന്ന് ഡി. എഫ്. ഒ പി. കാർത്തിക്ക് പന്നിയാംമലയിൽ അറിയിച്ചു.
മയക്കുവെടിവെച്ചു കൂട്ടിലടച്ച കടുവയ്ക്ക് കാട്ടിൽ കഴിയാനുള്ള ആരോഗ്യമില്ല. പൂർണ ആരോഗ്യം കൈവരിച്ചാൽ മാത്രമേ ഇക്കാര്യത്തെകുറിച്ചു ആലോചിക്കുകയുള്ളൂ. ഏഴുവയസുള്ള കടുവയെ മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡി. എഫ്. ഒ അറിയിച്ചു.കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ വനത്തിലേക്ക് വിട്ടാൽ ഇരപിടിക്കൽ അസാധ്യമായേക്കാം. വനത്തിൽ തുറന്നുവിടാനുള്ള ആരോഗ്യമില്ലാത്തതിനാൽ കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നും ഡി. എഫ്. ഒ അറിയിച്ചു.
കടുവയുടെ ഉളിപ്പല്ല് മുൻപ് നഷ്ടപ്പെട്ടതായിരിക്കാമെന്നാണ് വെറ്റിനറി ഡോക്ടർ പറയുന്നത്. ഇവരുടെ വിശദമായ റിപ്പോർട്ടു കിട്ടിയാൽ കൂടുതൽ നടപടി സ്വീകരിക്കും. കടുവയെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടാൻ പാടില്ലെന്ന് പേരാവൂർ മണ്ഡലം എംഎൽഎ സണ്ണിജോസഫ് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം നൽകിയിരുന്നു. കൊട്ടിയൂർ വന്യജീവി മേഖലയിലേക്ക് കടുവയെ തുറന്നുവിടുന്നതിൽ പ്രദേശവാസികളും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വനംവകുപ്പ് കടുവയെ അതിന്റെ ആവാസവ്യവസ്ഥയിൽ തുറന്നു വിടുന്നതിൽ നിന്നും പിന്മാറിയതെന്നാണ് സൂചന.
ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെയാണ് പന്നിയാംമലയിലെ സ്വകാര്യ വ്യക്തിയുടെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ കണ്ടെത്തിയത്. റബർ ടാപ്പിങിനായി പോകുന്ന തൊഴിലാളികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പ്രദേശത്തെ റോഡുകൾ അടയ്ക്കുകയും ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം നൽകുകയുമായിരുന്നു. ഇതിനു ശേഷമാണ് ആറളത്തു നിന്നുമെത്തിയ സ്പെഷ്യൽ ഫോഴ്സ് മയക്കുവെടിവെച്ചു കടുവയെ പൂർണമായി മയക്കിയതിനു ശേഷം കൂട്ടിലേക്ക് മാറ്റിയത്.
വയനാട് വന്യജീവി മേഖലയിൽ നിന്നും കടുവകളും കാട്ടാനകളും ഇറങ്ങുന്നത് മലയോരമേഖലയിലെ പ്രദേശങ്ങളിലൊന്നായ കൊട്ടിയൂരിൽ ഏറെ ആശങ്ക പരത്തിയിട്ടുണ്ട്.ആറളം വനമേഖലയിൽ ആനമതിൽ നിർമ്മാണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇതുകാരണം കൊട്ടിയൂർ, ആറളം മേഖലയിൽ കാട്ടാനകളും വന്യമൃഗങ്ങളും യഥേഷ്ടം കടന്നുവരികയാണ്. കൊട്ടിയൂർ വനമേഖലയിലെ പന്നിയാംമലയിലെ അടിവാരപ്രദേശത്താണ് കടുവയെ പിടികൂടിയത്.
പന്നിശല്യവും കാട്ടാനശല്യവും ഒഴിവാക്കുന്നതിനായി കർഷകനുണ്ടാക്കിയ ഇരുമ്പ് കമ്പിവേലയിലാണ് കടുവ കുടുങ്ങിയതെന്നാണ് പ്രാഥമിക വിവരം. ഇരതേടിയാണ് കടുവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന പ്രാഥമിക വിവരം. വരും ദിവസങ്ങളിലും കൊട്ടിയൂർ വനമേഖലയിൽ ജാഗ്രത ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ഒരു മാസം മുൻപ് കൊട്ടിയൂർ വനമേഖലയിലെ പാലുകാച്ചിയിലും കടുവയിറങ്ങി വന്യമൃഗങ്ങളെ കൊന്നിരുന്നു.