കണ്ണൂർ: ഗാന്ധിവധത്തിൽ ആർ. എസ്. എസിന് പങ്കുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റിട്ട കേസിൽ മുന്മന്ത്രി വി. എസ് സുനിൽകുമാർ ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണയ്ക്കായി ഹാജരായി. അഭിഭാഷകനും ആർ. എസ്. എസ് നേതാവുമായ അഡ്വ.കെ.കെ ബൽറാം നൽകിയ ഹർജിയിലാണ് കേസ്.

2021 ജനുവരി 29-നാണ് വി. എസ് സുനിൽകുമാർ കേസിനാസ്പദമായ ഫെയ്സ് ബുക്ക് പരാമർശം നടത്തിയത്. ഗാന്ധിവധം നടത്തിയ നാഥുറാം വിനായക ഗോഡ്സയെ ആർ. എസ്. എസ് കാപാലികനെന്ന് പറഞ്ഞ് സുനിൽകുമാർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് ആർ. എസ്. എസ് കേരള പ്രാന്തസംഘ് ചാലക് അഡ്വ.കെ.കെ ബൽറാം കോടതിയെ സമീപിച്ചത്.

എന്നാൽ, തനിക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും ഗാന്ധിജി വാഹനാപകടത്തിൽ മരിച്ചതല്ലെന്നും വി എസ് സുനിൽകുമാർ കോടതി വളപ്പിൽ നിന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാം. മഹാത്മഗാന്ധി ഓട്ടോറിക്ഷയിടിച്ചു മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് താൻ പറഞ്ഞതെന്നും ആർ. എസ്. എസിന് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും വി. എസ്. സുനിൽകുമാർ പറഞ്ഞു. സി.പി. ഐ നേതാക്കളോടൊപ്പമാണ് സുനിൽകുമാർ കോടതിയിൽ ഹാജരാകാൻ എത്തിയത്.