മലപ്പുറം: തണ്ണിപ്പൊയിൽ റിസർവ് വനത്തിലെ പൊക്കോട് മേഖലയിൽ യുവാവിനുനേരെ കാട്ടാനയുടെ ആക്രമണം. എളമ്പിലാക്കോട് പോക്കോട് വെച്ച് വൈലാശേരി കോണമുണ്ടയിലെ നറുക്കിൽ വീട്ടിൽ ദേവനെ (48) യാണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. അദ്ദേഹത്തെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നടന്നുപോയ ദേവനെ ആന കാൽ കൊണ്ട് തട്ടുകയായിരുന്നു. തുടർന്ന് പ്രാണരക്ഷാർഥം ഓടുന്നതിനിടയിൽ സമീപത്തെ വെള്ളച്ചാലിൽ വീഴുകയായിരുന്നു. ഇതിനിടയിൽ പിന്നാലെ എത്തിയ കാട്ടാന ദേവനെ ചവിട്ടുകയും തുമ്പികൈ കൊണ്ട് തട്ടി മാറ്റുകയും ചെയ്തു. ശേഷം ആന മുന്നോട്ട് പോയതിനാലാണ് ദേവന് ജീവൻ തിരിച്ചുകിട്ടിയത്.

വിവരമറിഞ്ഞെത്തിയ അകമ്പാടം വനം സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.കെ. മുഹ്‌സിന്റെ നേതൃത്വത്തിലുള്ള വനപാലകർ ദേവനെ സ്റ്റേഷൻ ജീപ്പിൽ അകമ്പാടത്തും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇയാളുടെ കാലിനും നെഞ്ചിന്റെ ഇടതു ഭാഗത്തും പരിക്കുണ്ട്. വാരിയെല്ലിനും തോൾഎല്ലിനും ക്ഷതമേറ്റിറ്റുമുണ്ട്. എന്നാൽ പരിക്ക് ഗുരുതരമല്ല.

പട്ടാപകൽ കാട്ടാന ആക്രമണം ഉണ്ടായ ഞെട്ടലിലാണ് കർഷകർ. ചാലിയാർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിക്കുന്നുമുണ്ട്. അപകടകാരിയായ ചുള്ളിക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളാണ് ജനവാസ കേന്ദ്രങ്ങളുടെ സമീപമുള്ള വനമേഖലയിൽ തമ്പടിച്ചിട്ടുള്ളത്.