തൃശൂർ: തൃശൂരിലും ആലപ്പുഴയിലും ഉത്സവ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു. തൃശൂർ എരുമപ്പെട്ടിയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ മാവേലിക്കര കൃഷ്ണൻകുട്ടിയാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പൻ ബേബിച്ചന് പരുക്കേറ്റു. വിരണ്ട ആന മറ്റൊരു ആനയെ തട്ടിയെങ്കിലും, എലഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചതിനാൽ കൂടുതൽ അപകടമുണ്ടായില്ല. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ ചന്തിരൂരിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന ദേശീയ പാതയിലൂടെ വിരണ്ടോടി. കുമുർത്തുപടി ദേവീക്ഷേത്രത്തിൽ എത്തിച്ച തളയ്ക്കാട് ശിവ എന്ന ആനയാണ് വിരണ്ടത്. റോഡിലൂടെയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. മറ്റു നാശനഷ്ടങ്ങളോ അപകടമോ ഉണ്ടായിട്ടില്ല.