ആലുവ: കുട്ടമശ്ശേരിയിൽ അച്ഛനൊപ്പം ഓട്ടോയിൽ സഞ്ചരിച്ച ഏഴുവയസ്സുകാരൻ റോഡിലേക്കു തെറിച്ചുവീണു. കുട്ടി റോഡിൽ എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. വാഴക്കുളം പ്രേം നിവാസിൽ പ്രീജിത്തിന്റെ മകൻ നിഷികാന്ത് പി.നായർക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. കുട്ടി വെന്റിലേറ്ററിൽ കഴിയുകയാണ്. കുട്ടിയെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. കാറിനായി അന്വേഷണം തുടങ്ങി.

ഇന്നലെ രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. തലച്ചോർ, കരൾ, വൃക്കകൾ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഓട്ടോയിൽനിന്നു റോഡിലേക്കു വീണ കുട്ടി എഴുന്നേറ്റിരുന്നെങ്കിലും പിന്നാലെ വന്ന കാർ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുക ആയിരുന്നു. കുട്ടിയെ ആദ്യം സമീപത്തെ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. പിന്നാലെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുട്ടിയെ കണ്ണ് ആശുപത്രിയിൽ കാണിച്ച് തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്. ഓട്ടോയിൽ നിന്ന് തെറിച്ചു വീണപ്പോൾ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവർ കരുതിയത്. ഓട്ടോയിൽ നിന്ന് വീണാൽ ഇത്ര ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയ്ക്ക് പിന്നാലെ കാറിടിച്ച വിവരവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്ത് വന്നത്. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തെക്കുറിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു. തുടർന്നു പൊലീസ് ഉദ്യോഗസ്ഥൻ ബന്ധുക്കളെ വിളിച്ചു. സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ഉദ്യോഗസ്ഥന് കൈമാറിയിട്ടും നാളെ രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകാനാണ് പൊലീസ് പറഞ്ഞതെന്നു കുടുംബം ആരോപിച്ചു.