നിലമ്പൂർ: എളമ്പിലാക്കോട് പോക്കോട് വനത്തിൽ യുവാവിനെ കാട്ടാന ആക്രമിച്ചു. വൈലാശ്ശേരി കോണമുണ്ടയിലെ നറുക്കിൽ വീട്ടിൽ ദേവനെ (48) ഗുരുതര പരിക്കുകളോടെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ തണ്ണിപ്പൊയിൽ റിസർവ് വനത്തിലെ പൊക്കോട് വനത്തിലാണ് സംഭവം. കാടിനടുത്താണ് ഇദ്ദേഹത്തിന്റെ താമസം. ക

ാട്ടിലൂടെ നടന്നുപോകുമ്പോൾ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഇതോടെ പ്രാണരക്ഷാർത്ഥം ഓടി. അതിനിടെ സമീപത്തെ വെള്ളച്ചാലിൽ വീണു. പിന്നാലെ എത്തിയ കാട്ടാന ചവിട്ടുകയും തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്ത് മുന്നോട്ടുപോയി. കാലിനും നെഞ്ചിന്റെ ഇടതുഭാഗത്തുമാണ് പരിക്ക്. ആറു വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. തോളെല്ലിനും ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ലുകൾക്ക് പൊട്ടലുള്ളതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് അകമ്പാടം വനം സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ വി.കെ. മുഹ്സിന്റെ നേതൃത്വത്തിലാണ് വനപാലകർ ദേവനെ ജീപ്പിൽ ആദ്യം അകമ്പാടത്തും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചത്.

അപകടകാരിയായ ചുള്ളിക്കൊമ്പൻ ഉൾപ്പെടെ മൂന്ന് ആനകളാണ് ജനവാസകേന്ദ്രങ്ങളുടെ സമീപമുള്ള വനമേഖലയിൽ തമ്പടിച്ചിട്ടുള്ളത്. പട്ടാപ്പകൽ കാട്ടാന ആക്രമണം ഉണ്ടായ ഞെട്ടലിലാണ് കർഷകർ. ചാലിയാർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് തുടരുകയാണ്.