കോഴിക്കോട്: സ്‌കൂളിൽ പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂർ എൽ.പി. സ്‌കൂളിലാണ് സംഭവം. സ്ഥലത്തെ ബിജെപി. പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളിൽ പൂജ നടത്തിയത് എന്നാണ ആരോപണം.

ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂൾ മൈതാനത്ത് രണ്ട് കാറുകൾ നിർത്തിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജെപി. പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌കൂളിൽ പൂജ നടക്കുന്നത് ശ്രദ്ധയിൽപെട്ടത് എന്നാണ് നാട്ടുകാർ പറയുന്നത്. സിപിഎമ്മുകാരും ഇത് അറിഞ്ഞ് സ്ഥലത്തെത്തി.

സ്‌കൂൾ മാനേജർ അരുണയുടെ മകൻ രുധീഷിന്റേയും സംഘത്തിന്റേയും നേതൃത്വത്തിലായിരുന്നു പൂജ. സ്‌കൂളിൽ പൂജ നടക്കുന്ന വിവരം അറിഞ്ഞ് സിപിഎം. പ്രവർത്തകർ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. രാത്രി 11 മണിയോടെ കൂടുതൽ പേർ സ്‌കൂളിലെത്തുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. തുടർന്ന് തൊട്ടിൽപാലം പൊലീസ് സ്ഥലത്തെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.