ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സോഷ്യൽമീഡിയയിൽ വ്യാജ പ്രചരണം. പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നതായും വ്യാജ സാമ്പിൾ പേപ്പർ പുറത്തിറങ്ങിയതായുമാണ് യൂട്യൂബ്, ഫേസ്‌ബുക്ക്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്ന് സിബിഎസ്ഇ മുന്നറിയിപ്പ് നൽകി.

നാളെ മുതൽ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ തുടങ്ങാനിരിക്കേയാണ് വ്യാജ പ്രചരണം. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിക്കും. നാളെ മുതൽ തന്നെ ആരംഭിക്കുന്ന പത്താംക്ലാസ് പരീക്ഷ അവസാനിക്കുന്നത് മാർച്ച് 13നാണ്. പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും വ്യാജ പ്രചരണങ്ങളിൽ വീഴരുതെന്നും സിബിഎസ്ഇ അറിയിച്ചു.

വ്യാജ പ്രചരണത്തിൽ ആശങ്ക രേഖപ്പെടുത്തിയ സിബിഎസ്ഇ, കുട്ടികളുടെയും മാതാപിതാക്കളുടെ ഇടയിൽ അനാവശ്യമായി ആശങ്ക പരത്താൻ ഇത്തരം പ്രചരണങ്ങൾ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. സാമ്പിൾ പേപ്പറുമായി ബന്ധപ്പെട്ട് വ്യാജ ലിങ്കുകളാണ് സൈബർ ക്രിമിനലുകൾ അയക്കുന്നതെന്ന് സിബിഎസ് ഇ അറിയിച്ചു.