ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാനമനെ അവരുടെ ആവശ്യം പരിഗണിച്ച് കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ, കർണാടക ഹൈക്കോടതിയിലെ കൊളീജിയത്തിൽ ജസ്റ്റിസ് അനു ശിവരാമൻ അംഗമാകും.

ചീഫ് ജസ്റ്റിസ് എ.ജെ ദേശായി കഴിഞ്ഞാൽ സീനിയോറിറ്റിയിൽ കേരള ഹൈക്കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയാണ് അനു. 2015 ഏപ്രിൽ നാലിനാണ് കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അവർ നിയമിതയാകുന്നത്. 2017-ൽ സ്ഥിരം ജഡ്ജിയായി. ജസ്റ്റിസ് അനു ശിവരാമൻ ചുമതലയേൽക്കുന്നതോടെ കർണാടക ഹൈക്കോടതിയിലെ സീനിയോറിറ്റിയിലെ രണ്ടാമത്തെ ജഡ്ജിയായി അവർ മാറും.

കാസർകോഡ് സ്വദേശിയായ അനു കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ശിവരാമൻ നായരുടെ മകളാണ്. 1991-ൽ അഭിഭാഷകയായി എന്റോൾ ചെയ്ത ജസ്റ്റിസാണ് അനു ശിവരാമൻ. 2010-11 കാലയളവിൽ സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായിരുന്നു.