തിരുവനന്തപുരം: ഓട്ടോടാക്‌സി മോഷ്ടിച്ച് പൊളിച്ചുവിൽക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെയ്യാറ്റിൻകര നാറാണി ജങ്ഷന് സമീപം കുട്ടത്തുവിളയിൽ അനിൽകുമാറിനെ(38) ആണ് വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ആറിന് വൈകിട്ടായിരുന്നു സംഭവം.

ആഭ്യന്തര വിമാനത്താവളത്തിന്റെ കാർഗോ ഗേറ്റിന് സമീപം പാർക്കുചെയ്തിരുന്ന ഓട്ടോ ടാക്‌സി മോഷ്ടിച്ച ശേഷം മറ്റൊരു വാഹനത്തിൽ കടത്തിക്കൊണ്ടുപോയി അഞ്ചലിലെത്തിച്ച് പൊളിച്ചുവിൽക്കാനായിരുന്നു ശ്രമം.

വലിയതുറ എഫ്‌സിഐ. ഗോഡൗണിന് സമീപത്തുള്ള ലാലിച്ചൻ ആന്റണിയുടെ ഓട്ടോടാക്‌സിയാണ് ഇയാൾ മോഷ്ടിച്ചത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന അനിൽകുമാറിനെ കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള അന്വേഷണത്തിലാണ് അഞ്ചലിൽ മോഷ്ടിച്ച ഓട്ടോടാക്‌സി ഉള്ളതായി കണ്ടെത്തിയത്.

ഇത്തരത്തിൽ വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചുവിൽക്കുന്നതിനായി ആക്രിക്കടയിൽ എത്തിച്ച് പണം വാങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ. അശോക് കുമാർ, എസ്‌ഐ.മാരായ അജേഷ്‌കുമാർ, ശ്യാമകുമാരി, എസ്.സി.പി.ഒ. ശ്രീജീത്ത്, സി.പി.ഒ. ഷിബി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.