കണ്ണൂർ: കൊട്ടിയൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവ ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലും വൃക്കയിലും കടുവയ്ക്ക് അണുബാധ ഉണ്ടായിരുന്നതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കമ്പിവേലിയിൽ കുടുങ്ങിയതോടെ കടുവ കൂടുതൽ അവശനിലയിലായി. വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്.

വേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി. ഇന്നലെ രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ വച്ച് ചത്തത്. കടുവയുടെ ജഡം പ്രോട്ടോകോൾ പ്രകാരം കത്തിക്കും. കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്. കടുവ മണിക്കൂറികൾക്കുള്ളിൽ ചത്തത് മയക്കുവെടി കാരണമല്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റിസർവ് വനമേഖലയ്ക്കു സമീപത്തുള്ള ജനവാസകേന്ദ്രമായ പന്നിയാംമലയിൽ മയക്കുവെടിവച്ച് പിടികൂടിയ കടുവയെ തൃശൂർ മൃഗശാലയിലേക്കു മാറ്റാനായിരുന്നു തീരുമാനം. തൃശൂരിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ചത്തത്. പന്നിയാംമലയിൽ മുള്ളുവേലിയിൽ കുടുങ്ങിയ നിലയിലാണ് ചൊവ്വാഴ്ച രാവിലെ കടുവയെ കണ്ടെത്തിയത്. പിന്നീട് 6 മണിക്കൂറിനു ശേഷം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചു.

കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ പി.കാർത്തിക് ജനപ്രതിനിധികൾക്ക് രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പ് ശ്രമിച്ചപ്പോൾ ജനപ്രതിനിധികളും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രി 8.45ന് കടുവയുമായി വനംവകുപ്പ് സംഘം തൃശൂരിലേക്ക് തിരിക്കുകയായിരുന്നു.

കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മയക്കുവെടി വച്ച് പിടിക്കുന്ന മൃഗങ്ങൾ തുടരെ മരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. രണ്ട് മാസം മുൻപ് കണ്ണൂൂർ പാനൂരിൽ നിന്ന് പിടികൂടിയ പുലിയും മയക്കുവെടിക്ക് പിന്നാലെ ചത്തിരുന്നു.