കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ കുടിശ്ശിക രണ്ടാഴ്ചക്കകം വിതരണം ചെയ്യുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. സഹകരണ ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ഉത്തരവിറക്കിയതായി ബുധനാഴ്ച ഹരജി പരിഗണിക്കവേ സർക്കാർ അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഉത്തരവിന്റെ പകർപ്പും കോടതിക്ക് കൈമാറി. മൂന്നുമാസമായി പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ഈ വിശദീകരണം.

പെൻഷൻ മുടങ്ങിയത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഓൺലൈനിൽ ഫെബ്രുവരി 14ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കഴിഞ്ഞ തവണ നിർദേശിച്ചിരുന്നു. എന്നാൽ, വിതരണം ചെയ്യാനുള്ള ഉത്തരവ് ഹാജരാക്കിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

ബാങ്കുകളുടെ കൺസോർട്യവും പെൻഷൻ വിതരണവും സംബന്ധിച്ച് സഹകരണ ജോ. രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയതായി സർക്കാർ അറിയിച്ചു. കൺസോർട്യവുമായി ഉടൻ ധാരണപത്രം ഒപ്പുവെക്കും. അത് ഒപ്പിട്ടാൽ മുടങ്ങാതെ പെൻഷൻ വിതരണം ചെയ്യാനാകും. സർക്കാറിന്റെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജി വീണ്ടും 28ന് പരിഗണിക്കാൻ മാറ്റി.