കോട്ടയം: തമിഴ്‌നാട്ടിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ 44 പുതിയ സർവീസുകൾ തുടങ്ങുന്നു. ഇതിൽ അഞ്ചെണ്ണം തുടങ്ങിക്കഴിഞ്ഞു. പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, കമ്പം, ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ മിക്ക യൂണിറ്റുകളിൽനിന്നും സർവീസുണ്ടാവും.

2019ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതൽ അന്തഃസംസ്ഥാന സർവീസുകൾ. അന്ന് തുടങ്ങാതെ ബാക്കിവെച്ച സർവീസുകളാണ് ഇപ്പോൾ തുടങ്ങുന്നത്. നിലവിൽ തമിഴ്‌നാട്ടിലേക്ക് 200 സർവീസുകൾ നടത്തുന്നുണ്ട്. വോൾവോ ലോ ഫ്‌ളോർ എ.സി., സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഉപയോഗിക്കുക.

പത്തനംതിട്ട-കോയമ്പത്തൂർ മൂന്നു സർവീസുകൾ തുടങ്ങിക്കഴിഞ്ഞു. പാലാ- തെങ്കാശി, എറണാകുളം-ഉദുമൽപേട്ട സർവീസുകളും തുടങ്ങി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കളക്ഷൻ പൊതുവേ കുറവാണ്. കളക്ഷൻ ഉറപ്പുള്ള സർവീസുകളാണ് ഇപ്പോൾ തുടങ്ങുന്നത്. ഏപ്രിലോടെയേ ബാക്കി തുടങ്ങൂ.