തിരുവനന്തപുരം: സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവത്തിന് 17-ന് തൃശ്ശൂരിൽ തുടക്കമാകും. കലോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. തൃശ്ശൂർ ടൗൺ ഹാൾ, എഴുത്തച്ഛൻ സമാജം ഹാൾ എന്നിവിടങ്ങളിലായി വിവിധ കലാപരിപാടികൾ നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു 'വർണ്ണപ്പകിട്ട്' കലോത്സവം ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 ട്രാൻസ്ജെൻഡർ വ്യക്തികൾ ഉദ്ഘാടനച്ചടങ്ങിനു ശേഷം കലാവിരുന്ന് അവതരിപ്പിക്കും. 18-ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് വരെയും 19-ന് രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വരെയുമായിരിക്കും കലാവിരുന്ന്. 19-ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം നടക്കും.