- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടി ഇറങ്ങി വീട്ടമ്മ; കൈ പിടിച്ചു വലിച്ച് പ്ലാറ്റ്ഫോമിലേക്ക് ഇട്ട് പോർട്ടർ ബഷീർ
കുറ്റിപ്പുറം: ഓടി തുടങ്ങിയ ട്രെയിനിൽനിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ താഴെക്ക് വീണുപോയ വീട്ടമ്മയ്ക്ക് രക്ഷകനായി പോർട്ടർ ബഷീർ. പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴാൻ പോയ സ്ത്രീയെ ആണ് പോർട്ടർ ബഷീർ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് ചെന്നൈ എഗ്മൂർ-മംഗളൂരു എക്സ്‌പ്രസ് കുറ്റിപ്പുറം സ്റ്റേഷൻ വിടുന്നതിനിടെയാണ് സംഭവം.
എഗ്മൂർ എക്സ്‌പ്രസ് നീങ്ങിത്തുടങ്ങുന്നതിനിടെയാണ് റിസർവേഷൻ കംപാർട്‌മെന്റിൽനിന്ന് വീട്ടമ്മ താഴേക്കിറങ്ങാൻ ശ്രമിക്കുന്നത് കണ്ടത്. ഇറങ്ങരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. താഴേക്ക് ചാടിയതോടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീഴുമെന്ന ഘട്ടത്തിൽ ബഷീർ വീട്ടമ്മയുടെ കൈപിടിച്ച് വലിച്ചിട്ടു. ഇരുവരും ഉരുണ്ട് പ്ലാറ്റ്‌ഫോമിൽ വീണു. വീഴ്ചയിൽ ബഷീറിന്റെ നെറ്റിക്കു പരുക്കേറ്റു. വീട്ടമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
മകളെയും കുട്ടിയെയും യാത്രയാക്കാൻ കംപാർട്‌മെന്റിൽ കയറിയായിരുന്നു കുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയായ സ്ത്രീ. ഒപ്പമുണ്ടായിരുന്ന ഇളയ മകൾ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയിറങ്ങിയെങ്കിലും ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. താഴെവീഴുന്ന ഘട്ടത്തിലാണ് രക്ഷകനായി ബഷീർ എത്തിയത്.
ഒന്നാം പ്ലാറ്റ്‌ഫോമിന്റെ ഒരുവശത്ത് ട്രോളിയെടുക്കാൻ എത്തിയതായിരുന്നു പോർട്ടറായ കോക്കൂർ സ്വദേശി ബഷീർ. തക്ക സമയത്ത് ബഷീർ എത്തിയതാണ് ഇവർക്ക് രക്ഷയായത്. കഴിഞ്ഞമാസം കണ്ണൂർ സ്വദേശിയായ വയോധികയെ ഇത്തരത്തിൽ രക്ഷിച്ചതും പോർട്ടർ ബഷീറായിരുന്നു.