കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ മറുവാക്ക് എഡിറ്റർക്കെതിരെ കേസ്. കസബ പൊലീസാണ് കേസെടുത്തത്. സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു(150 ഐപിസി), അപകീർത്തിപ്പെടുത്താൻ ശ്രമം(120(0) എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. സമൂഹമാധ്യമത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു.

തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് പ്രവർത്തകയായ കവിത കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 29-നാണ് അംബിക തന്റെ ഫേസ്‌ബുക് അക്കൗണ്ടിലൂടെ കേസിനാധാരമായ പോസ്റ്റിടുന്നത്. 'കേരളത്തിന്റെ ആഭ്യന്തര മന്ത്രി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം നരഭോജി പിണറായി വിജയൻ വീണ്ടും നരധേമം നടത്തിയിരിക്കുന്നു' എന്നിങ്ങനെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. കൂടാതെ കവിതയുടെ കൊലപാതകം വ്യാജ ഏറ്റുമുട്ടലാണെന്നും അംബിക ആരോപിക്കുന്നുണ്ട്. മറുവാക്ക് സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെന്നും എഫ് ഐ ആറിൽ ആരോപിക്കുന്നുണ്ട്.

അതേസമയം, അംബിക ആരോപണം തള്ളി. ഒമ്പതുവർഷമായി ആർ എൻ ഐ രജിസ്‌ട്രേഷൻ ഉള്ള മാഗസിനാണ് മറുവാക്ക് എന്ന് അംബിക പറഞ്ഞു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ മുഖപത്രമാണെങ്കിൽ ഓഫീസ് ഓഫ് രജിസ്ട്രാർ ഓഫ് ന്യൂസ്‌പേപ്പർസ് ഫോർ ഇന്ത്യയുടെ അംഗീകൃത ലൈസൻസ് എങ്ങനെ ലഭിക്കും. കേസെടുത്തിട്ടുണ്ടെന്ന് അറിയിപ്പ് ലഭിച്ചാൽ നിയമപരമായി നേരിടുമെന്നും മനുഷ്യാവകാശ പ്രവർത്തക കൂടിയായ അംബിക പറഞ്ഞു.