കൊല്ലം: വാഹനമിടിച്ച് പരിക്കേറ്റ മുള്ളൻപന്നിയെ കൊന്ന് കറിവച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ. കൊല്ലം വാളകത്താണ് സംഭവം. വാളകം സ്വദേശി പി. ബാജിയെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു.

കൊട്ടാരക്കരയിലേക്ക് പോകുമ്പോൾ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്തുവച്ചാണ് ഡോക്ടറുടെ വാഹനം മുള്ളൻപന്നിയെ ഇടിച്ചത്. തുടർന്ന് മുള്ളൻപന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച ഡോക്ടർ കറിവയ്ക്കുകയായിരുന്നു. അഞ്ചൽ വനം റേഞ്ച് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്.

ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.