തിരുവനന്തപുരം: മാർക്കറ്റ് വിലയെക്കാൾ 35 ശതമാനം കുറവിലായിരിക്കും സപ്ലൈകോയിൽ സാധനം വിതരണം ചെയ്യുകയെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. പുതിയ നിരക്ക് അനുസരിച്ച് ചെറുപയർ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വൻകടല ഒരു കിലോ 69 , വൻ പയർ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റർ 55, കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയായിരിക്കും വിലയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചെറുപയർ 74, ഉഴുന്ന് 66, വൻകടല 43, വൻ പയർ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില. ചില സീസണിൽ വിലയിൽ വ്യത്യാസമുണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈകോയിലും വില ഉയരും. ജനങ്ങൾക്ക് 35 ശതമാനമെങ്കിലും വിലക്കുറവുണ്ടാകുന്നതരത്തിലാണ് വിതരണം നടത്തി വിലക്കയറ്റം തടഞ്ഞുനിർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു

2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വർധിപ്പിക്കുന്നത്. സപ്ലൈകോയിൽ വില വർധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു.