തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പാക്കി തുടങ്ങിയത് ഫലപ്രദമെന്ന് റിപ്പോർട്ട്. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി തുടങ്ങിയതോടെ തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ 03 പൈസ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകൾ. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസയാണ്.

ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെയാണ് അതിവേഗം ഷെഡ്യൂളുകൾ പുനക്രമീകരിച്ച് റൂട്ട് റാഷണലൈസേഷൻ വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചത്. തിരുവനന്തപുരത്തെ 20 കെഎസ്ആർടിസി ഡിപ്പോകളിൽ റൂട്ട് റാഷണലൈസേഷന്റെ ഭാഗമായി ഡെഡ് കിലോമീറ്റർ ഒഴിവാക്കി ഷെഡ്യൂൾ റീ അറേഞ്ച് ചെയ്ത് നേടാനായത് പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമാണ്. ഒരു ദിവസത്തെ ലാഭം 2,85,837 രൂപ 43 പൈസ എന്നത് ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിനുള്ള ലാഭം മാത്രമാണ്.

ഗതാഗത വകുപ്പ് മന്ത്രിയായി കെ. ബി. ഗണേശ് കുമാർ ചാർജ്ജ് എടുത്ത ശേഷം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ മീറ്റിങ്ങുകളിൽ ആണ് റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം മുന്നോട്ടുവച്ചത്.

10998.40 കിലോമീറ്റർ ആണ് തിരുവനന്തപുരത്ത് മാത്രം ഡെഡ് കിലോമീറ്റർ ആയി പരിശോധനയിൽ മനസിലാക്കിയിട്ടുള്ളത്. ഇത്രയും ഡെഡ് കിലോമീറ്റർ ഒഴിവാക്കുന്നതിലൂടെ 2903.50 ലിറ്റർ ഡീസൽ തിരുവനന്തപുരം ജില്ലയിൽ മാത്രം കെഎസ്ആർടിസിക്ക് ലാഭിക്കാൻ സാധിക്കുന്നു. അതുകൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്‌പെയർപാർട്‌സിനായി ചെലവാകുന്നുണ്ട്. അതിലൂടെ നമുക്ക് 43,993.60 രൂപ ലാഭം കിട്ടും. ആകെ പ്രതിദിന ലാഭം 3,29,831.03 രൂപ എന്നത് ഒരു മാസത്തേക്ക് (30 ദിവസം കണക്കാക്കിയാൽ) 98,94,930.90 രൂപയാണ്.

ഡെഡ് കിലോമീറ്റർ ഒഴിവാക്കിയപ്പോഴും ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ട്കളിലും മലയോര / ആദിവാസി/തോട്ടംതൊഴിലാളി /തീരദേശ/കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്തുവരുന്ന ഒരു സർവീസുപോലും റദ്ദാക്കിയിട്ടില്ല. ഇതേ രീതിയിൽ മറ്റ് എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കും. ഇതൊരു ചെറിയ തുകയോ കണക്കോ ആണോ എന്നുള്ളത് ജീവനക്കാരും പൊതുജനങ്ങളും തിരിച്ചറിയണം.

വ്യക്തവും വിവേകപരവുമായ പരിഷ്‌കാരങ്ങൾ കെഎസ്ആർടിസിയിൽ നടപ്പിലാക്കണം. ഇത്തരം പണച്ചോർച്ചകളും ദുർവ്യയങ്ങളും ഒഴിവാക്കിയാൽ തന്നെ വലിയ നേട്ടങ്ങളിലേക്ക് എത്തുവാൻ കെഎസ്ആർടിസിക്ക് സാധിക്കും. അതിലൂടെ കെഎസ്ആർടിസിക്ക് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ തരത്തിലുള്ള നഷ്ടം കുറക്കുവാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. വിവേകപരമായ പരിഷ്‌കരണങ്ങളിലൂടെയുള്ള വലിയ നേട്ടങ്ങളുടെ കണക്കുകൾ പിന്നാലെ അറിയിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.