കൊച്ചി: പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിൽ. കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. എമിഗ്രേഷൻ പരിശോധനക്കിടെയാണ് കള്ളി പുറത്തായത്.

മസ്‌കറ്റിലേക്ക് പോകാനായാണ് ഇരുവരും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇരുവരുടെയും പക്കൽ വിസിറ്റിങ് വിസയായിരുന്നു ഉണ്ടായിരുന്നത്. പാസ്‌പോർട്ട് പരിശോധനയിൽ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളിൽ റദ്ദാക്കിയ മറ്റൊരു വിസയിൽ കൃത്രിമം നടത്തിയത് കണ്ടെത്തുകയായിരുന്നു.

പാസ്‌പോർട്ടിൽ കൃത്രിമം കാണിച്ചതാണെന്ന് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതികൾ സമ്മതിച്ചു. ഇവരെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. യുവതികളെ ചോദ്യം ചെയ്തു വരികയാണെന്നും അധികൃതർ അറിയിച്ചു.