കോട്ടയം: മൂന്നു കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാനക്കാർ പാലായിൽ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ ജഗൻ മാലിക് (25), ഭൂനാഥ് മാലിക് (23), ബികേഷ് മാലിക് (25), ദീപു മാലിക് (28) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇവർക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവരെപറ്റി അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കായി സംസ്ഥാനത്തിനു വെളിയിൽനിന്ന് കഞ്ചാവ് എത്തിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പാലാ പൊലീസും ചേർന്ന് ബുധനാഴ്ച വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പാലായിലെ പ്രമുഖ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽനിന്നാണ് 3.290 കിലോഗ്രാം കഞ്ചാവുമായി നാലുപേരെയും പിടികൂടിയത്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ. ജോബിൻ ആന്റണി, എസ്‌ഐമാരായ ബിനു വി.എൽ, രാജു സി.വി, അനിൽ എ.കെ., പ്രകാശ് ജോർജ്, എഎസ്ഐമാരായ സുഭാഷ് വാസു, സുമേഷ് ഇ.എസ്, കൂടാതെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.