കണ്ണൂർ: വഴിതെറ്റിയെത്തി കുടുങ്ങിയ ഒഡിഷ സ്വദേശിയായ യുവാവിനെ ബന്ധുക്കളുടെ അടുത്തേക്ക് സുരക്ഷിതമായി എത്തിച്ചു ചൊക്ളി പൊലിസ് കൈയടി നേടി. പത്തുദിവസം മുൻപ് കേരളത്തിൽ ബന്ധുക്കൾക്കൊപ്പം ജോലിക്കായി എത്തിയ ഒഡീഷ സ്വദേശിയായ ജഗത് എന്നയാളെയാണ് ചൊക്ളി പൊലിസ് കുടുംബം താമസിക്കുന്ന തിരൂരിൽ എത്തിച്ചത്.

കഴിഞ്ഞ മൂന്നുദിവസം മുൻപ് ചൊക്ളിയിൽ ജോലി അന്വേഷിച്ചെത്തിയ ഇയാൾ ബന്ധുക്കൾ താമസിക്കുന്ന തിരൂരിൽ പോകാൻ അറിയാതെ കറങ്ങി നടക്കുകയായിരുന്നു. ഇയാളുടെ പ്രശ്നം മനസിലാക്കി ചൊക്ളി സ്വദേശി റിഷിത്താണ് പതിനാലാം തീയ്യതി ചൊക്ളി പൊലിസ് സ്റ്റേഷനിലെത്തിച്ചു ജനമൈത്രി പൊലിസിന് കൈമാറിയത്.

ഹിന്ദി അറിയാവുന്ന സ്റ്റേഷനിലെ പൊലിസുകാർ നാടിനെ കുറിച്ചു അന്വേഷിച്ചുവെങ്കിലും ഇയാൾ പറയുന്നത് വ്യക്തമായിരുന്നില്ല. ഇതേ തുടർന്നാണ് ഇയാളുടെ നാടിന്റെ പേര് ഒഡിയയിൽ സ്റ്റേഷനിലെ പൊലിസുകാരിൽ ഒരാളായ സനിൽകുമാർ എഴുതിക്കുകയും ഇതു പരിഭാഷപ്പെടുത്തുകയുമായിരുന്നു.

ഇതിനു ശേഷം ഒഡീഷ പൊലിസിനെ ബന്ധപ്പെടുകയും അവർ ജഗതിന്റെ നാട്ടിൽ പോയി അന്വേഷിച്ചതിനു ശേഷം തിരൂരിൽ ജോലിക്ക് കുടുംബത്തോടൊപ്പം വന്നതാണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതേ തുടർന്ന് ചൊക്ളി പൊലിസ് തിരൂരിലെ പൊലിസിനെ ബന്ധപ്പെടുകയും ബന്ധുക്കളെ വിളിച്ചുവരുത്തി ഇയാളെ കൂടെ അയക്കുകയുമായിരുന്നു.

വഴിയോ സ്ഥലമോ അറിയാതെ കൈയിൽ കാശില്ലാതെ നട്ടംതിരിഞ്ഞ ഇതരസംസ്ഥാനതൊഴിലാളിയെ അപകടത്തിൽപ്പെടാതെ ബന്ധുക്കളോടൊപ്പം ചൊക്ളി പൊലിസ് മണിക്കൂറുകളുടെ ശ്രമഫലമായാണ് പറഞ്ഞയച്ചത്. സോഷ്യൽമീഡിയയിൽ പലരും ഈ വാർത്തയറിഞ്ഞു ചൊക്ളി പൊലിസിനെ അഭിനന്ദിച്ചു രംഗത്തുവന്നിരുന്നു.