ഇരിട്ടി: തെരുവുനായ കുറുകെച്ചാടിയപ്പോൾ നിയന്ത്രണം വിട്ട മുച്ചക്ര വാഹനം കുഴിയിലേക്ക് മറിഞ്ഞ് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശിനി അമ്പലപ്പടിവീട്ടിൽ എ.എൻ.രമണി(40)യാണ് മരിച്ചത്. തലയുടെ ഒരു ഭാഗം പൊട്ടിപ്പിളർന്നതിനെ തുർന്ന് യുവതി സംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. വിളക്കോട് ഹാജി റോഡ്-അയ്യപ്പൻകാവ് റോഡിൽ ഇറക്കത്തിൽ വ്യാഴാഴ്ച രാവിലെ 11-നാണ് അപകടം.

മുച്ചക്രവാഹനം സർവീസിനായി ഇരിട്ടിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം. നായ കുറുകെച്ചാടിയപ്പോൾ വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ തല മരത്തിലും കല്ലിലുമിടിച്ചു. ഹെൽമെറ്റ് തകർന്നു. ഇടിയുടെ ആഘാതത്തിൽ തലയുടെ ഒരുഭാഗം പിളർന്നു. അപകടസ്ഥലത്തു തന്നെ രമണി മരിച്ചു. കൊട്ടിയൂരിലെ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

കൊട്ടിയൂർ-പേരാവൂർ-ഇരിട്ടി റോഡിലെ വാഹനത്തിരക്ക് കണക്കിലെടുത്താണ് മണത്തണയിൽനിന്ന് മലയോരഹൈവേ വഴി വിളക്കോട് ഹാജി റോഡിലൂടെ യാത്രചെയ്തത്. മുഴക്കുന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: എ.എൻ.വത്സമ്മ, ഭവാനി, രാധ, ശശി, വേലായുധൻ.