- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുമായി ജീപ്പിൽ അഭ്യാസപ്രകടനം; ഡ്രൈവർ അറസ്റ്റിൽ
അടിമാലി: വിദ്യാർത്ഥികളുമായി ജീപ്പിൽ അഭ്യാസപ്രകടനം നടത്തുകയും അമിത വേഗത്തിൽ ഓടിക്കുകയും ചെയ്ത ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് പിടികൂടി. മൂന്നാർ പള്ളിവാസൽ ആറ്റുകാട് പവർ ഹൗസ് സ്വദേശി എസക്കി രാജനെ(29) ആണ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇയാൾക്കെതിരേ കേസ് രജിസ്റ്റർചെയ്തു. ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് നിങ്ങുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കെ.കെ.രാജീവ് പറഞ്ഞു.
ഫെബ്രുവരി ആറിനാണ് സംഭവം. മാട്ടുപ്പട്ടി ഭാഗത്തുനിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥികളുമായായിരുന്നു അഭ്യാസ പ്രകടനം. നാല് കമാൻഡർ ജീപ്പുകളിലാണ് പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളെ സവാരി കൊണ്ടുപോയത്. വിദ്യാർത്ഥികൾ വാഹനത്തിൽ പാട്ടും മേളവുമായി ആഘോഷിച്ചു. ഇവരെ ഹരം പിടിപ്പിക്കുന്നതിനായി വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുകയായിരുന്നു.
തിരക്കേറിയ റോഡിൽ ജീപ്പുകൾ വെട്ടിച്ച് ഓടിച്ചു. കണ്ടുനിന്നവർ സംഭവത്തിന്റെ വീഡിയോ എടുത്ത് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യ്ക്കും ജില്ലാ പൊലീസ് മേധാവിക്കും അയച്ചു. തുടർന്നാണ് വ്യാഴാഴ്ച വാഹനം പിടികൂടിയത്. മൂന്നാർ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗങ്ങളായ എം വിഐ. വി.ഐ.ഷാനവാസ്, എ.എം വിഐ.മാരായ ബിനു കൂരാപ്പിള്ളിൽ, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരേയും നടപടിയുണ്ടാകും.