തൃശൂർ: വനഭൂമി പട്ടയങ്ങൾക്ക് പുതിയ അപേക്ഷകൾ സ്വീകരിച്ച് അർഹതപ്പെട്ടവർക്ക് പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വടക്കാഞ്ചേരി എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വനഭൂമി പട്ടയങ്ങൾക്ക് പുതിയ അപേക്ഷകൾ നൽകാനാകാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. സംസ്ഥാന റവന്യൂ, വനം വകുപ്പുകൾ കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയുടെയും ഇടപെടലിന്റെയും ഭാഗമായി വനഭൂമി പട്ടയങ്ങൾക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിന് സാഹചര്യമൊരുങ്ങി. നിരവധി വനഭൂമി പട്ടയങ്ങളുള്ള പ്രദേശമാണ് വടക്കാഞ്ചേരി. എല്ലാവർക്കും ഭൂമിയും എല്ലാ ഭൂമിക്ക് രേഖകളും ഉറപ്പാക്കുകയാണ് ഈ സർക്കാർ. രണ്ടര വർഷം കൊണ്ട് അഞ്ചാമത് പട്ടയമേളയാണ് സംഘടിപ്പിക്കുന്നത്. ഇക്കാലയളവിൽ ഒന്നരലക്ഷം പട്ടയമാണ് സർക്കാർ വിതരണം ചെയ്തത്. വില്ലേജ് ഓഫീസുകളിൽ ജനകീയ സമിതികൾ രൂപീകരിച്ചും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കിയും കൂടുതൽ ജനകീയമായാണ് മുൻപോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

തലപ്പള്ളി താലൂക്കിലെ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും തെക്കുംകര ഗ്രാമപഞ്ചായത്തിന്റയും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് എങ്കക്കാട്- കരുമത്ര- വിരുപ്പാക്ക ഗ്രൂപ്പ് വില്ലേജ് ഓഫീസ്. 2021- 22ലെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. ഓഫീസ് അനുബന്ധ സൗകര്യങ്ങളും പ്രവർത്തനങ്ങൾക്കാവശ്യമായ ഫർണിച്ചറുകൾ, ഇലക്ട്രിഫിക്കേഷൻ, ലാൻ കേബിളിങ് പ്രവർത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സേവ്യർ ചിറ്റിലപിള്ളി എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സ്വാഗതം പറഞ്ഞു. സംസ്ഥാന നിർമ്മിതി കേന്ദ്രം തൃശൂർ റീജിയണൽ എൻജിനീയർ എം എ സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി സുനിൽകുമാർ, വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ശ്രീജ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗം പി എം ഐശ്വര്യ, എൽ ആർ ഡെപ്യൂട്ടി കലക്ടർ അതുൽ എസ് നാഥ്, തലപ്പിള്ളി തഹസിൽദാർ എം സി അനുപമൻ തുടങ്ങിയവർ പങ്കെടുത്തു.