തിരുവനന്തപുരം: ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണം. ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്.

ട്രെയിൻ യാത്രക്കിടെ മദ്യപിച്ച ഒരു എസ്‌പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സംഭവത്തിൽ പൊലീസുകാർക്കുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങൾ സൂക്ഷിക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേൽനോട്ടക്കുറവുൾപ്പെടെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസിന്റെ തോക്കും പത്ത് റൗണ്ട് തിരയുമാണ് നഷ്ടമായത്. എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥർക്കുള്ള സ്‌പെഷ്യൽ ട്രെയിനിൽ നിന്നാണ് തോക്കും തിരകളും നഷ്ടമായത്. ആരോ ട്രെയിനിൽ നിന്ന് ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് പാൻട്രി ജീവനക്കാർ പൊലീസിനോട് പറഞ്ഞിരുന്നു.