തിരുവനന്തപുരം: മാലിന്യസംസ്‌ക്കരണത്തിൽ ഹരിതകർമ്മസേനയുടെ ഇടപെടലും അതുവഴി അവർ സമൂഹത്തിന് നൽകുന്ന സംഭാവനകളും പൊതുജനങ്ങളിലെത്തിക്കാൻ ബോധവത്കരണ പരിപാടിയുമായി ശുചിത്വമിഷൻ. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിലും 100 യുവജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് 'യൂത്ത് മീറ്റ്‌സ് ഹരിതകർമ്മസേന' എന്ന പ്രചാരണ പരിപാടി ഫെബ്രുവരി 18 ഞായറാഴ്ച സംഘടിപ്പിക്കുകയാണ്.

സുസ്ഥിര ജീവിതരീതികൾക്കായി മാതൃകാപരമായ മാലിന്യ സംസ്‌കരണ രീതികളെക്കുറിച്ച് ബോധവത്കരണം, ഹരിതകർമ്മസേനയ്ക്ക് നൽകുന്ന ബഹുജന പിന്തുണ വർധിപ്പിക്കൽ, ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കൽ, മാലിന്യമുക്ത നവകേരളത്തിനായി യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കുക എന്നിവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 100 യുവപ്രതിനിധകളും 25 ഹരിതകർമ്മ സേനാപ്രവർത്തകരുമാണ് പരിപാടിയിൽ പങ്കെടുക്കുകേണ്ടത്. സംസ്ഥാന വ്യാപകമായി 1400 യുവാക്കളും 350 ഹരിതകർമ്മസേനാംഗങ്ങളും പങ്കെടുക്കും.

ഹരിതകർമ്മസേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, സാമൂഹ്യപ്രശ്‌നങ്ങൾ തുടങ്ങിയവയിൽ ആശയവിനിമയം നടത്തും. യൂസർഫീ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ഹരിതകർമ്മ സേന സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയിക്കുന്നതിനും യുവാക്കളെ കൂടുതലായി പങ്കെടുപ്പിക്കാൻ സാധിക്കും. മാലിന്യം തരംതിരിക്കലിന്റെ തത്സമയ പ്രദർശനം നടത്തുകയും യുവാക്കളെ അത് ചെയ്യാൻ പരിശീലനം നൽകുകയുംചെയ്യും. ഹരിതകർമ്മസേനയുടെ മാറ്റം ഗാനാലാപനവും സാധ്യമായ ഇടങ്ങളിൽ ഫ്‌ളാഷ്‌മോബും സംഘടിപ്പിക്കും.

ഹരിതകർമ്മ സേനയ്ക്ക് മികച്ച ബ്രാൻഡിങ് ലഭിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ശുചിത്വമിഷൻ കരുതുന്നത്. സുസ്ഥിര മാലിന്യനിർമ്മാർജ്ജന പദ്ധതിയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.