- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികിലെ കുഴിയിലിരുന്ന് പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച് ജോലിക്കാരൻ മരിച്ചു; അപകടം ഉണ്ടായത് കാറിന്റെ പിൻ ചക്രം കുഴിയിൽ ചാടിയപ്പോൾ തലയിലിടിച്ച്
തിരുനാവായ: റോഡരികിലെ കുഴിയിലിരുന്ന് ജല അഥോറിറ്റിയുടെ പൈപ്പ് നന്നാക്കുന്നതിനിടെ കാർ ഇടിച്ച് ജോലിക്കാരൻ മരിച്ചു. കുറ്റിപ്പുറം നടുവട്ടം കളത്തിൽപടി കളത്തിൽപറമ്പിൽ കോരന്റെയും മുണ്ടിയുടെയും മകൻ ഹരീഷ് (48) ആണു മരിച്ചത്. ഹരീഷ് കുഴിയിലിരുന്ന് പൈപ്പ് നന്നാക്കുന്നതിനിടെ കുഴിയിൽചാടിയ കാർ തലയിൽ ഇടിക്കുക ആയിരുന്നു.
തിരുനാവായ വലിയപറപ്പൂരിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. വലിയ പറപ്പൂർ നാഗപറമ്പ് റോഡരികിലെ കുഴിയിലിരുന്ന് ഹരീഷ് പൈപ്പിന്റെ തകരാർ പരിഹരിക്കുമ്പോൾ സമീപത്തെ ചെറുറോഡിൽനിന്ന് ഈ വഴിയിലേക്കു കയറിയ കാർ മുന്നോട്ടുപോകുന്നതിനിടെ പിൻചക്രം ഹരീഷ് ഇരുന്ന കുഴിയിൽ ചാടി. കാറിന്റെ ടയർ ഹരീഷിന്റെ തലയിൽ ഇടിച്ചെന്നാണു കരുതുന്നത്. സമീപത്തെ പറമ്പിലേക്കു പോയിരുന്ന സഹായി തിരികെവന്നപ്പോൾ തലയിൽ മുറിവേറ്റ നിലയിൽ ഹരീഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അതേസമയം ഹരീഷിന്റെ തലയിൽ കാർ തട്ടിയത് ഡ്രൈവർ അറിഞ്ഞില്ലെന്നാണ് വിവരം. കാർ പിന്നീടു കണ്ടെത്തി. ഒരാൾക്ക് കുനിഞ്ഞിരിക്കാവുന്ന തരത്തിലാണ് കുഴി ഉണ്ടാക്കിയിരുന്നത്. കുഴിക്കു ചുറ്റും സുരക്ഷാ സംവിധാനങ്ങളോ, തകരാർ പരിഹരിക്കുന്ന സ്ഥലത്ത് ജല അഥോറിറ്റിയുടെ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഹരീഷിന്റെ സംസ്‌കാരം ഇന്ന് 8ന് വീട്ടുവളപ്പിൽ. ഭാര്യ: ലൈജു. മക്കൾ: ആദിത്യൻ, അതുൽകൃഷ്ണ.