നെടുമ്പാശേരി: പഴയ വസ്ത്രങ്ങൾ ശേഖരിച്ച് ഉപജീവനമാർഗം നടത്തുന്ന അതിഥിത്തൊഴിലാളിക്ക് വസ്ത്രങ്ങൾക്കിടയിൽ നിന്നും ലഭിച്ചത് കാൽ ലക്ഷം രൂപ. കയ്യിൽ കിട്ടിയ ണം തിരികെ നൽകാൻ ഉടമയെ തേടുകയാണ് ഈ അതിഥി തൊഴിലാളിയും കുടുംബവും. മൂന്ന് പതിറ്റാണ്ടിലേറെയായി ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ വിരുത്തി കോളനിയിൽ കുടുംബ സമേതം താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി നാരായണനാണ് കാൽ ലക്ഷത്തിലേറെ രൂപ പഴയ വസ്ത്രങ്ങൾക്കിടയിൽ നിന്ന് ലഭിച്ചത്.

ഉടനെ നാരായണൻ പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറത്തെ വിവരമറിയിച്ചു.വ്യാഴാഴ്ച ആലുവ ബാങ്ക് കവലയിലെ വീടുകളിൽ നിന്ന് ശേഖരിച്ച വസ്ത്രങ്ങൾ വൈകിട്ട് വിരുത്തിയിലെ താമസ സ്ഥലത്തുകൊണ്ടുവന്ന് തരം തിരിക്കുന്നതിനിടെയാണ് വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കിട്ടിയത്. നാരായണന് വസ്ത്രങ്ങൾക്കിടയിൽ നിന്ന് ലഭിച്ച പണം പൊലീസിന് കൈമാറുമെന്നും ഉടമയെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായും നൗഷാദ് പാറപ്പുറം അറിയിച്ചു.

വിരുത്തി കോളനിയിൽ താമസിക്കുന്ന അൻപതോളം അതിഥി കുടുംബങ്ങൾ ചെങ്ങമനാട്, ആലുവ, കുന്നുകര, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകൾ കയറിയിറങ്ങി പഴയ വസ്ത്രങ്ങൾ ശേഖരിച്ച് തരം തിരിച്ച് വിൽപന നടത്തി ജീവിക്കുന്നുണ്ട്. നാട്ടുകാർക്കിടയിലും ഇവരെക്കുറിച്ച് മതിപ്പുണ്ട്.

ഏതാനും മാസങ്ങൾക്ക് മുൻപ് മഹാരാഷ്ട്ര സ്വദേശിനിയായ കൽപനയ്ക്കും ഇത്തരത്തിൽ പഴയ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങൾ ലഭിക്കുകയും അത് ഉടമയെ കണ്ടെത്തി നൽകുകയും ചെയ്തിരുന്നു.പാറക്കടവ് വട്ടപ്പറമ്പ് സ്വദേശിനിയുടേതായിരുന്നു അന്ന് കാണാതായ സ്വർണം.