തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിപ്പ്‌സ് ഉണ്ടാക്കുന്ന കടയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്‌സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കടയിലുണ്ടായിരുന്ന മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ എന്നയാൾക്കും മറ്റൊരാൾക്കും ഗുരുതരമായി പൊള്ളലേറ്റു.

വലിയ രീതിയിൽ തീ ഉയരുകയായിരുന്നു. ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഫയർഫോഴ്‌സെത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് എടുത്തതിനാൽ പൊട്ടിത്തെറിയുണ്ടായില്ല. വേഗം അണച്ചതിനാൽ മറ്റു കടകളിലേക്കും വ്യാപിച്ചില്ല. അപകടകാരണം കൂടുതൽ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.